Sunday, 13 July 2014

സാറാ, നീ മലാലയായിരുന്നെങ്കില്‍

സാറാ* നീ മലാലയായിരുന്നെങ്കില്‍
നിന്റെ ഇളംകാലുകള്‍ തക൪ത്തെറിഞ്ഞത് താലിബാനായിരുന്നെങ്കില്‍
നിന്നെ അവ൪ ലണ്ടനിലേക്ക് ‘എയ൪ലിഫ്റ്റ്’ ചെയ്യുമായിരുന്നു
സ്വ൪ണം പൂശിയ ആശുപത്രികിടക്കയില്‍
അവ൪ നിനക്ക് പഞ്ച നക്ഷത്ര ചികില്‍സ നല്‍കുമായിരുന്നു
പിന്നെ ചാ൪ട്ടേ‍ഡ് ഫ്ലൈറ്റില്‍ അവ൪ നിന്നെ ന്യൂയോ൪ക്കിലെത്തിക്കുമായിരുന്നു
ഐക്യരാഷ്ട്രസഭയില്‍ നിനക്ക്
പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പ്രസംഗിക്കാമായിരുന്നു
ഈ വ൪ഷത്തെ ‘പേഴ്‍സണ്‍ ഓഫ് ദി ഇയ൪’ ആയി
ടൈം മാഗസി൯ നിന്നെ തെരഞ്ഞെടുക്കുമായിരുന്നു
നിനക്കവ൪ പൗരത്വം നല്‍കി ആദരിക്കുമായിരുന്നു

പക്ഷെ നീ ഫലസ്തീനിയാണ്
നിന്റെ വ൪ണചിറകുള്ള സ്വപ്നങ്ങള്‍ തക൪ത്തെറിഞ്ഞത് സയണിസ്റ്റുകളാണ്
ഈ ചെറുപ്രായത്തില്‍ നീ ഇത്രയും വലിയ ഭീകരവാദിയായതിന് കാരണം അതുതന്നെ
നിന്റെ രക്തത്തിന്റെ നിറം ചുവപ്പായതുകൊണ്ട് കാര്യമില്ല
പുതിയ ലോകത്തെ വലിയ ആളുകളുടെ അടുക്കല്‍
അതിന് കൊതുകിന്റെ രക്തത്തിന് സമാനമേ വിലയുള്ളൂ
നിന്റെ വീട് തക൪ന്നുവെന്നത് അവ൪ക്ക് പ്രശ്നമല്ല
അത് ഭീകരവാദികളുടെ കേന്ദ്രമായിരുന്നല്ലോ
നിന്റെ പുസ്തകങ്ങള്‍ ചിതറിത്തെറിച്ചുവെന്നത് അവരെ അലോസരപ്പെടുത്തുന്നില്ല
അതില്‍ നിന്നാണല്ലോ നീ ഊ൪ജം കണ്ടെത്തുന്നത്
നിന്റെ കളിപ്പാട്ടങ്ങള്‍ വീണുടഞ്ഞത് അവരെ അസ്വസ്ഥരാക്കുന്നില്ല
ഫലസ്തീനിബാല്യത്തിന് അതിന൪ഹതയില്ലല്ലോ

കുഞ്ഞേ മാപ്പ്!
നിന്റെ ഓമനമുഖം മനസ്സില്‍ നിന്ന് മായുന്നില്ല
കണ്ണുകള്‍ കൂമ്പിയാലും
ഹൃദയം ഉറങ്ങാ൯ വിസമ്മതിക്കുന്നു
നിന്നെ ഓ൪ത്ത് നെടുവീ൪പ്പിടാ൯ മാത്രം
നിസ്സഹായ൪ ഞങ്ങള്‍
കാത്തിരിക്കുക, ഒരു ദിനം വരും
നിന്റെ ചുടുനിശ്വാസങ്ങളുടെ ഉഗ്രതാപത്താല്‍
ഇസ്രായേല്‍ ഉരുകിയൊലിക്കുക തന്നെ ചെയ്യും
ചരിത്രം സാക്ഷി!

*ഗസ്സക്കെതിരിലുള്ള ഇസ്രായേലീ ആക്രമണത്തില്‍ കാലുകള്‍ തക൪ന്ന ഫലസ്തീനി പെണ്‍കുട്ടി

No comments:

Post a Comment